എടത്തിരുത്തി: എടത്തിരുത്തിയിൽ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പ്രതിയെ കയ്പമംഗലം പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.
എടത്തിരുത്തി അയ്യമ്പിടി കനാൽ കാളിക്കുട്ടി സാംസ്കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ്(43) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയും സുഹൃത്തുമായ അയ്യമ്പിള്ളി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് (42) പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അനീഷിന്റെ വീടിനുമുന്നിലെ റോഡിലായിരുന്നു കൊലപാതകം. ഞായറാഴ്ച വൈകീട്ട് ഏഴു മണിയോടെ അനീഷും അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യമ്പിടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു.
അവിടെനിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടോടെ അനീഷും അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ്, അനീഷിനെ ആക്രമിക്കുകയും കത്തിയുപയോഗിച്ച് അനീഷിന്റെ വയറ്റിൽ കുത്തുകയുമായായിരുന്നു. കുത്തേറ്റ അനീഷിന്റെ നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആംബുലൻസിൽ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ അനീഷ് മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യമ്പിടി ഉന്നതിയിലെ ബന്ധുവീട്ടിൽനിന്നാണ് കയ്പമംഗലം പോലീസ് പിടികൂടിയത്.
അനൂപ് കയ്പമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലംസിഐ ബിജിത്ത്, എസ്ഐ പദ്മരാജൻ, എസ്ഐ ജോഷ്യർ, എസ്ഐ അജാസുദീൻ, സിപിഒ ഷിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. തൃശൂർ എക്സൈസ് അക്കാദമിയിലെ താൽക്കാലിക പാചകത്തൊഴിലാളിയാണ് കൊല്ലപ്പെട്ട അനീഷ്. പ്രതിയായ അനൂപ് കോൺക്രീറ്റ് തൊഴിലാളിയാണ്.